പേരിടാത്ത കഥ

നാട്ടിന്‍ പുറത്തെ സ്കൂളില്‍ നിന്നും എസ് എസ് എല്‍ സി എന്ന കടമ്പ ഇരുനൂറ്റി അന്‍പത് മാര്‍ക്കിനു ചാടി കടന്നപ്പോള്‍ (ഏഷ്യന്‍ മീറ്റില്‍ ടിന്റു ലൂക്ക ചാടിയപോലെ അല്ല ) അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി . റാഗിംഗ് നിറഞ്ഞ കലാലയം അവനെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു . കോളേജിലെ ക്ലാസ് റൂമും ഗ്രൌണ്ടും അവനെ ഒരു കളിക്കാരനാക്കി വളര്‍ത്തി . ടീച്ചേര്‍സ് അവനെ ഉറക്കി (കളി കഴിഞ്ഞുള്ള ക്ഷീണം തീര്‍ത്തത് ക്ലാസ്സ്‌ റൂമില്‍ ) പെണ്‍ പിള്ളേര്‍ അവനെ കരയിച്ചു . ഹാജര്‍ പട്ടികയില്‍ ഹാജര്‍ കുറവായിട്ടും സുഹൃത്തുക്കള്‍ നല്കിയതും സ്വന്തം എഴുതിയതുമായ ബിറ്റുകള്‍ അവനെ ജീവിതത്തില്‍ ആദ്യമായി യൂണിവേഴ്സിറ്റി പരീക്ഷ എഴുതി വിജയം കൈവരിക്കാന്‍ സഹായിച്ചു .

കൂട്ടുകാര്‍ അവനെ സ്നേഹിച്ചു (കളിയിലെ കേമന്‍ ) , നാട്ടുകാര്‍ അവനെ പുച്ചിച്ചു (കൂലിയും വേലയുമില്ലാതെ സദാ സമയം ബസ്‌ സ്റ്റോപ്പില്‍ വായനോക്കി ) വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചു (പഠിക്കുന്ന സമയത്ത് കറങ്ങിയതിന്റെ ക്ഷീണം മാര്‍ക്കില്‍ കണ്ടു ) .......

ഒടുക്കം കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്ത് ആരോടും പറയാതെ പട്ടാള തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു .. അതില്‍ അവന്‍ വിജയിച്ചു .. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മാതൃരാജ്യത്തെ പല ഭാഗങ്ങളും സന്ദര്‍ശിച്ചു . മാതൃരാജ്യത്തിന് വേണ്ടി (സ്വന്തം കീശക്കു വേണ്ടി എന്ന് പറയുന്നതാകും ഉചിതം ) സേവനം ചെയ്തു . ഇതിനിടയില്‍ പാവപ്പെട്ട ഒരു കുട്ടിയെ തന്റെ ജീവിത സഖിയാക്കി . ഇന്നിപ്പോള്‍ സ്വന്തം നാട്ടിലേക്ക് വരുമ്പോള്‍ നാട്ടുകാരുടെ ഒരു ചോദ്യം മാത്രം അവനെ ഇന്നും അലട്ടുന്നു

 ''അല്ല ഇഷ്ടാ ഞ്ഞി എന്ത് പട്ടാളക്കാരനാ ?  ഒരു കുപ്പി  ഇങ്ങെട് !!! ''