സ്കൂള്‍ പ്രണയം .... മധുരമാം പ്രണയം

മൂന്നാം ക്ലാസ്സിലെ ആദ്യ സ്നേഹ സമ്മാനം..!!

കണ്ണന്‍ ചിരട്ടയില്‍ മണ്ണപ്പം ചുട്ട് , തുമ്പപ്പൂവിനാല്‍ ചോറ് വെച്ച് , ഉണ്ണിപ്പുരയില് താമര വള്ളിയില്‍ താലി കെട്ടിയ ബാല്യത്തിനുമുണ്ടേറെ കഥ പറയാന്‍............... --- ..സ്നേഹത്തിന്‍റെയും നന്മയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ കഥകള്‍..!!

മക്കട എ യു പി സ്കൂളിലേക്കുള്ള വഴികള്‍ നിറയെ സ്നേഹത്തിന്‍റെ പൂക്കള്‍ നറുമണം വിതറുന്ന നന്മയുടെ പൂക്കാലമാണ്. 


വീടിന് താഴെ കോയക്കയുടെ (പേര് ഇപ്പോഴും ഓര്‍മയില്ല) പറങ്കിമാവില്‍ നിറഞ്ഞു നില്‍ക്കുന്ന പറങ്കിമാങ്ങ കാറിതിന്ന്. ഷിജൂന്റെ  വീട്ടിലെ കുറിഞ്ഞിപ്പൂച്ചയെ തലോടി..
ഗോകുലന്റെ  കണിക്കൊന്ന പൂത്തു വീണ മഞ്ഞച്ച ഇടവഴികളിലൂടെ കൊറ്റം കുത്തി നടന്ന് ..വൈദ്യര് വെച്ചു നീട്ടുന്ന ഞാവല്‍പ്പഴത്തിന്‍റെ സ്നേഹം നുണഞ്..യശോധമ്മാമ്മ വാല്‍സല്ല്യത്തോടെ വെച്ചു നീട്ടുന്ന അവിലും ചെറുപഴോം ആവോളം ആസ്വദിച്ച്..മിയാമി ഐസ്ക്രീം കാരന്‍ ഹോണടിച്ച് കൊതിപ്പിക്കുമ്പോ വാങ്ങാന്‍ കാശില്ലാതെ കണ്‍ നിറഞ്ഞ് ..പള്ളിപ്പറമ്പിന്നു കൊട്ടക്കായ എല പൊട്ടിച്ച് മുക്കുറ്റി പ്പൂവും കൂട്ടി മുറുക്കി കളിച്ച്... ഔറുക്കാടെ വീടിനടുത്ത തോട്ടിലൂടെ കുഞ്ഞിക്കാലുകള്‍ നനച്ച്..കാലില്‍ പതിയെ കൊത്താന്‍ വരുന്ന പരല്‍മീനുകളെ കളിപ്പിച്ച്.. മെല്ലെ ഇറ്റുവീഴുന്ന ചാറല്‍ മഴ നനഞ്ഞ്..     




ഐശ്വര്യം നിറഞ്ഞ അമ്മ മുഖത്ത് ഏറെ സ്നേഹം മാത്രം വിളമ്പിയ ഒന്നാം ക്ലാസ്സിലെ പങ്കജാക്ഷി  ടീച്ചര്‍ക്കും രണ്ടാം ക്ലാസ്സിലെ (ഓര്‍മയില്‍ നിന്നും മാഞ്ഞു) ടീച്ചര്‍ക്കും മൂന്നാം ക്ലാസ്സിലെ ലതിക  ടീച്ചര്‍ക്കും ..ന്നെയേറെ ഇഷ്ടായിരുന്നു.. ന്നെയെന്നല്ല ..ങ്ങളെയെല്ലാരേം സതൂനെയും ഷിജൂനെയും സുജിത്തിനെയും ല്ലാരേം ങ്ങടെ ടീച്ചറമ്മാര്‍ക്കെല്ലാം ഏറെ സ്നേഹാരുന്നു.. 

ഐശീവിതാത്തയുണ്ടാക്കുന്ന ചുടുചോറും കഞ്ഞിപ്പയറും കുറച്ചൊന്നുമല്ല ഞങ്ങടെ കുഞ്ഞിവയറുകള്‍ നെറച്ചിരുന്നെ..
ജീവിതം ഏറെ സ്നേഹം തന്നെയെന്നു ചൊല്ലിപ്പഠിപ്പിച്ച ബാല്യത്തിന്‍റെ വസന്ത സ്മരണകള്‍.......................


ലസിത ടീച്ചറുടെ മൂന്നാം ക്ലാസ്സ്..അക്ബര്‍ സൈക്കിള്‍ കടേടടുത്തുണ്ടാരുന്ന ആ പഴകിയ ഓലപ്പുരേടെ അറ്റത്തെ ക്ലാസ്സായിരുന്നു..

ഉച്ചക്ക് ചോറുണ്ണാനുള്ള ഇന്‍റെര്‍ബെല്ല് കഴിഞ്ഞ് ടീച്ചറ് ചെയ്യാന്‍ തന്ന കണക്കു വേഗം ചെയ്ത് തീര്‍ത്ത് ഷിജൂന്റെ യൊപ്പം പുള്ളിവെട്ടു കളിച്ചോണ്ടിരിക്കുമ്പോഴാ പെട്ടെന്ന്.,ലീല ടീച്ചറെ  മോള് ഷിജി  ( അവളും എന്‍റെഒപ്പം അതേ ക്ലാസില്‌ തന്നെയാരുന്നു )കയ്യിലെന്തോ പിടിച്ച് ലസിത  ടീച്ചര്‍ ന്‍റെ മേശടെ അടുത്തുക്ക് ഓടുന്ന കണ്ടെ..,
" ഇത് സബിത  കൊടുക്കാന്‍ പറഞ്ഞ് തന്നതാ ടീച്ചറേ.." ന്നു പറഞ്ഞ് 
ഒരു സാനം ടീച്ചര്‍ടെ മേശമ്മെ വെച്ചു കൊടുക്കുന്നു..നോക്കുമ്പോ മേശമ്മെ മിന്നിതിളങ്ങുന്ന ഒരു " സ്വര്‍ണ്ണ മോതിരം "..!!

കനിവ് കിനിഞ്ഞിരുന്ന മുഖത്ത് രോഷം നിറഞ്ഞ് ലസിത  ടീച്ചര്‍.., " എന്താ നീയൊന്നും പഠിക്കണ കുട്ട്യോളെ നന്നായി പഠിക്കാന്‍ സമ്മയ്ക്കില്ലേ..നീയൊക്കെ ഇപ്പഴേ തുടങ്ങിയാല്‍..",," ന്നൊക്കെ പറഞ്ഞ് ഏറെ വഴക്ക് പറയുന്നു.. പാവം സബിത  കരയുന്നു..!!

സബിത  എന്തിനാ മോതിരം കൊടുത്തതെന്ന് അറിയാതെ., ഷിജി  എന്തിനാ അത് ടീച്ചര്‍ക്ക് കൊണ്ടുകൊടുത്തത് എന്നറിയാതെ.,
ടീച്ചെറെന്തിനാ സബിതയെ   ഇത്രയേറെ വഴക്ക് പറഞ്ഞത് എന്നറിയാതെ.., ഞാന്‍ വീണ്ടും ഷബീറിന്‍റെയൊപ്പം പുള്ളിവെട്ടു കളിയിലേക്ക് 
മുഖം താഴ്ത്തി..



പ്രണയത്തിന്‍റെ മുഖം മാംസ നിബദ്ധമാം ബന്ധങ്ങളിലൂടെ വികൃതമാക്കി, വിവാഹത്തിലൊതുക്കുന്ന വെറും പുറം കാഴ്ച്ചകളുടെ ആഘോഷമാക്കി അഭിരമിക്കുന്ന പുതുലോകമേ.., മുലപ്പാലിലൂറും അമ്മയുടെ സ്നേഹം പോലെ , ആത്മ സൗഹൃദത്തിന്‍റെ സാന്ത്വനിപ്പിക്കുന്ന ആലിംഗനം പോലെ , ഈ ജീവിതത്തെ ജീവോന്മുഖമാക്കി മുന്നോട്ടു ചലിപ്പിക്കുന്ന പ്രപഞ്ജത്തോടുള്ള തീവ്രസ്നേഹമാകട്ടെ നമ്മുടെ പ്രണയങ്ങള്‍..,,!!

മനോജ്ഞമാം ഈ പ്രകൃതിയെ പ്രണയിച്ച്..ലോകത്ത് നിറയുന്ന നന്മയെ പ്രണയിച്ച്.. സഹജീവിയുടെ വേദനയില്‍ ഇറ്റു വീഴുന്ന കണ്ണ് നീരിനെ പ്രണയിച്ച്..ആ കണ്ണീരൊപ്പും മൃദുകരങ്ങളെ പ്രണയിച്ച്..ഈ ലോകത്തെ ഏറെ സ്നേഹിക്കാന്‍ നമ്മുടെ മനസ്സുകളെ തരളിതമാക്കുന്ന ഈ പ്രണയത്തെ പോലും പ്രണയിച്ച്..!! 
ഈ ലോകം എത്ര സുന്ദരമാണല്ലേ............................